Sections

ബിസിനസ് പരാജയപ്പെടുമെന്ന ഭയമാണോ? ഇവയൊക്കെ ശ്രദ്ധിച്ചാല്‍ വിജയം ഉറപ്പ്

Monday, Aug 16, 2021
Reported By Aswathi Nurichan
business failures

എന്ത് ബിസിനസ് ചെയ്താലും അതില്‍ ഏറ്റവും നല്ല സെയില്‍സ് പേഴ്‌സണ്‍ നിങ്ങള്‍ തന്നെയായിരിക്കണം. കാരണം നിങ്ങള്‍ക്ക് ഉണ്ടാകുന്നത്ര ആത്മാര്‍ത്ഥത വേറെയൊരാള്‍ക്കും നിങ്ങളുടെ ബിസിനസില്‍ ഉണ്ടാകില്ല

 

ബിസിനസ് ആരംഭിക്കുക എന്നത് നിരവധി ആളുകളുടെ ആഗ്രഹമാണ്. പക്ഷേ പലരെയും അതില്‍ നിന്ന് പിന്നോട്ട് വലിപ്പിക്കുന്നതിന്റെ കാരണം ബിസിനസ് പരാജയം സംഭവിച്ചാലോ എന്ന ചിന്തയാണ്. സാമ്പത്തിക ലാഭത്തിനായി നമ്മള്‍ ആരംഭിക്കുന്ന പല ബിസിനസുകളും സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. നമ്മുടെ അദ്ധ്വാനത്തിന്റെ വലിയൊരു പങ്ക് വച്ച് ആരംഭിക്കുന്ന ബിസിനസില്‍ പരാജയങ്ങള്‍ ഉണ്ടാകാതെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ബിസിനസില്‍ പരാജയപ്പെടാനുള്ള പ്രധാനമായ അഞ്ച് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കാം.

ബിസിനസില്‍ അന്ധത ബാധിക്കുക

പലപ്പോഴും ചില ബിസിനസ് ആശയത്തില്‍ നമ്മള്‍ ആവേശക്കൊള്ളാറുണ്ട്. ചിലപ്പോള്‍ അത് ഒരു ഉല്‍പന്നത്തിലാകാം, ഒരു സേവനത്തിലാകാം. അതില്‍ നമ്മള്‍ വലിയൊരു വിജയം കൈവരിക്കുമെന്ന് സ്വയം തോന്നുന്നു. മറ്റാരെങ്കിലും ചെയ്തു വിജയിച്ച് കണ്ടതിലെ ആവേശം അല്ലെങ്കില്‍  ആ ഉല്‍പന്നത്തോട് നമ്മള്‍ക്ക് തോന്നിയ ആവേശം തുടങ്ങി നമ്മുക്ക് എവിടുന്നോ കിട്ടിയ അറിവുകള്‍ വച്ച് ബിസിനസ് ആരംഭിക്കുമ്പോഴാണ് ബിസിനസില്‍ നമ്മുക്ക് അന്ധത ബാധിക്കുന്നത്. പക്ഷേ ആ ബിസിനസോ സര്‍വീസോ നിലവിലെ മാര്‍ക്കറ്റില്‍ ആവശ്യമുള്ളതാണോ, ആ ഉല്‍പന്നത്തിനോ സര്‍വീസിനോ ഒരു മാര്‍ക്കറ്റ് ഉണ്ടോ, അത് ശരിയായ സമയത്താണോ നമ്മള്‍ ആരംഭിക്കാന്‍ പോകുന്നത് എന്നൊന്നും ചിലപ്പോള്‍ ചിന്തിക്കാറില്ല. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് ബിസിനസ് ആരംഭിച്ചാല്‍ നമ്മുക്ക് പരാജയങ്ങള്‍ ഒഴിവാക്കാം.

ഉപഭോക്താവിലേക്ക് ബിസിനസ് എത്തിക്കല്‍

പലരും ബിസിനസ് ആരംഭിക്കുമ്പോള്‍ ഉപഭോക്താവിലേക്ക് ഉല്‍പന്നങ്ങള്‍ എങ്ങിനെയാണ് എത്തുക എന്നതിനെകുറിച്ച് ചിന്തിക്കാറില്ല. എത്ര വലിയ തുക മുടക്കുന്ന ബിസിനസ് ആണെങ്കിലും എത്ര വലിയ ബിസിനസ് ആശയമാണെങ്കിലും ഉപഭോക്താവിലേക്ക് ബിസിനസ് ആശയം എത്തിയില്ലെങ്കില്‍ ബിസിനസ് പരാജയപ്പെടാം. ബിസിനസ് ആരംഭിക്കാന്‍ പണം മുടക്കുന്നത് പോലെതന്നെ ഉപഭോക്താവിലേക്ക് ആശയം എത്തിക്കാനും സംരംഭകന്‍ പണം മുടക്കേണ്ടി വരും. നേരിട്ട്, സമൂഹമാധ്യമം വഴി തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ ഇതിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാം.

തെറ്റായ വില നിര്‍ണയം

കൂടുതല്‍ ആളുകള്‍ക്കും ഉല്‍പന്നത്തിന് വില നിര്‍ണയിക്കുന്നതില്‍ തെറ്റ് പറ്റാറുണ്ട്. നിങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നതിന്റെ എത്രമടങ്ങായിരിക്കണം അതിന്റെ മാക്‌സിമം റീടൈല്‍ പ്രൈസ് എന്നത് വളരെയധിക്കം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ചില ആളുകള്‍ വളരെയധികം ആവേശത്തോടെ ഞങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയിലാണ് ഉല്‍പന്നം വില്‍ക്കുന്നത് എന്ന് പറയാറുണ്ട്. പക്ഷേ അവിടെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഉല്‍പന്നതിന്റെ വില നിങ്ങളുടെ പ്രവര്‍ത്തനച്ചെലവുമായി യോജിക്കുന്നതാണോ എന്നതാണ്. ഉപഭോക്താക്കളിലേക്ക് ഉല്‍പന്നം എത്തിക്കാനും പണചെലവുണ്ട്. അതുകൊണ്ടുതന്നെ പ്രവര്‍ത്തന ചെലവും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ചെലവും വിലയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ബിസിനസില്‍ ലാഭം ലഭിക്കുകയുള്ളൂ. 

അക്കൗണ്ടന്റിന്റെ അഭാവം

ചില സംരംഭകര്‍ തുടക്കത്തില്‍ ബിസിനസിന്റെ കണക്കുകള്‍ നോക്കാന്‍ ഒരു അക്കൗണ്ടന്റിനെ നിയമിക്കാറില്ല. അത് പിന്നീട് നിങ്ങള്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കാം. നഷ്ടങ്ങള്‍ സംഭവിച്ച് കഴിഞ്ഞ് അക്കൗണ്ടന്റിനെ നിയമിക്കുന്നതിനേക്കാള്‍ നല്ലത് ബിസിനസിന്റെ തുടക്കത്തില്‍ തന്നെ അക്കൗണ്ടന്റിനെ പാര്‍ട്ട് ടൈം ആയെങ്കിലും നിയമിക്കുന്നതാണ്. നിങ്ങളുടെ സ്വന്തം ആവശ്യങ്ങള്‍ക്ക് ബിസിനസില്‍ നിന്ന് പണം എടുക്കുകയാണെങ്കിലും തീര്‍ച്ചയായും അക്കൗണ്ടില്‍ രേഖപ്പെടുത്താനും ശ്രദ്ധിക്കണം.

സെയില്‍സിലുള്ള ശ്രദ്ധക്കുറവ്

സെയില്‍സ് മാനേജര്‍ സെയില്‍സിന്റെ എല്ലാ കാര്യങ്ങളും നോക്കുകോളുമെന്ന് ചിന്തിക്കുന്നത് അബദ്ധമാണ്. സെയില്‍സ് നടക്കുക എന്നത് സംരംഭകന്റെ ആവശ്യമാണ്. അതുകൊണ്ട് സംരംഭകനും നേരിട്ട് സെയില്‍സിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ഏറ്റവും നല്ല സംരംഭകന്‍ എന്നത് ഏറ്റവും നല്ല സെയില്‍മാനാണ്. അതില്‍ കുറച്ചിലുകള്‍ വിചാരിച്ച് കാര്യമില്ല. എന്ത് ബിസിനസ് ചെയ്താലും അതില്‍ ഏറ്റവും നല്ല സെയില്‍സ് പേഴ്‌സണ്‍ നിങ്ങള്‍ തന്നെയായിരിക്കണം. കാരണം നിങ്ങള്‍ക്ക് ഉണ്ടാകുന്നത്ര ആത്മാര്‍ത്ഥത വേറെയൊരാള്‍ക്കും നിങ്ങളുടെ ബിസിനസില്‍ ഉണ്ടാകില്ല. അതുകൊണ്ട് ഒരു സംരംഭകന്‍ ഉറപ്പായും സെയില്‍സ് നടത്തിയെടുത്തേ പറ്റൂ. 

നിരവധി കാരണങ്ങള്‍ ബിസിനസില്‍ പരാജയങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ നിങ്ങളുടെ ബിസിനസ് മേഖല ഏതുതന്നെയായാലും ഈ അഞ്ച് കാര്യങ്ങള്‍ മൂലമാണ് പ്രധാനമായും പരാജയങ്ങള്‍ സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ നല്ല ശ്രദ്ധ പതിപ്പിക്കുകയും ഈ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരുന്നാലും നിങ്ങളുടെ ബിസിനസ് ഉറപ്പായും വിജയിപ്പിക്കാന്‍ സാധിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.