- Trending Now:
സാധാരണ സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈ പ്രത്യേക പദ്ധതിയിലൂടെ മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ലഭിക്കും
കോവിഡ് കാലത്ത് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കായി ധാരാളം പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. ഇനി നിങ്ങളും നിങ്ങളുടെ മാതാ പിതാക്കള്‍ക്ക് വേണ്ടിയോ, അല്ലെങ്കില്‍ കുടുംബത്തിലെ മറ്റേതെങ്കിലും മുതിര്‍ന്ന വ്യക്തിയ്ക്ക് വേണ്ടിയോ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കുവാനുള്ള ആലോചനയിലാണെങ്കില്‍ നിങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വീകെയര്‍ പദ്ധതിയില്‍ നിക്ഷേപം നടത്താം.
മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രമുള്ള എസ്ബിഐയുടെ പ്രത്യേക പദ്ധതിയാണിത്. സാധാരണ സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈ പ്രത്യേക പദ്ധതിയിലൂടെ മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ലഭിക്കും. അത് കൂടാതെ എസ്ബിഐ വീകെയര്‍ സ്‌കീമിന് മറ്റുപല സവിശേഷതകളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
രാജ്യത്തെ മുന്‍നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളുണ്ട്. 2022 മാര്‍ച്ച് വരെ ഈ പദ്ധതികളുടെ നേട്ടം ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐ വി കെയര്‍. 2020 മെയ് 12നാണ് എസ്ബിഐ ഈ പദ്ധതി പ്രഖ്യാപിച്ചത്. പരമാവധി 2 കോടി രൂപ വരെ ഈ പദ്ധതിയ്ക്ക് കീഴില്‍ നിക്ഷേപിക്കാം. 5 വര്‍ഷമാണ് നിക്ഷേപ കാലയളവ്.
7 ദിവസം മുതല്‍ 10 വര്‍ഷം വരെ നീളുന്ന സ്ഥിര നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.80 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശനിരക്ക് എസ്ബിഐ നല്‍കും. സമ്പദ് വ്യവസ്ഥയില്‍ പലിശനിരക്ക് കുറയുന്ന കാലഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് റീട്ടെയില്‍ ടേം നിക്ഷേപ വിഭാഗത്തില്‍ പുതിയ പദ്ധതി അവതരിപ്പിച്ചത്. മുതിര്‍ന്ന പൗരന്മാരുടെ റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകള്‍ക്ക് (5 വര്‍ഷവും അതിനു മുകളില്‍ മാത്രം കാലാവധിയുള്ളതുമായ) 30 ബേസിസ് പോയിന്റ് പ്രീമിയം അധികമായി ലഭിക്കും.
പദ്ധതിയിലൂടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50% പലിശനിരക്ക് ലഭിക്കും. അത്തരം നിക്ഷേപങ്ങള്‍ നിങ്ങള്‍ അകാലത്തില്‍ പിന്‍വലിക്കുകയാണെങ്കില്‍ ഈ അധിക പലിശ ലഭിക്കില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണെന്ന് എസ്ബിഐ അറിയിച്ചു. മെയ് 12 മുതല്‍ പ്രാബല്യത്തില്‍ വരുന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്. മെയ് 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എംസിഎല്‍ആര്‍ 15 ബേസിസ് പോയിന്റ് കുറയ്ക്കുന്നതായും ബാങ്ക് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.