- Trending Now:
കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതായി സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്തെ മുന്‍നിരക്കാരായ എഫ്ഐഎസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ 68 ശതമാനം ഉപഭോക്താക്കളും സാമ്പത്തിക ഇടപാടുകള്‍ നടത്താനായി ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കുന്നു.
ഇപ്പോള്‍ വാങ്ങി പിന്നീട് പണം നല്‍കുന്ന സേവനത്തിനായുള്ള (ബൈ നൗ പേ ലേറ്റര്‍) ആപ്പുകള്‍ 32 ശതമാനം പേരും ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം ഒപ്പം സാമ്പത്തിക തട്ടിപ്പുകളും ഏറുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 34 ശതമാനം ഇടപാടുകാരും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എഫ്ഐഎസ്, എപിഎംഇഎ, ചീഫ് റിസ്‌ക് ഓഫീസര്‍, ഭരത് പഞ്ചാല്‍ പറഞ്ഞു. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുന്‍ഗണനകള്‍ക്ക് അനുസൃതമായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ നടത്താന്‍ ബാങ്കിങ് മേഖലയും പര്യാപ്തമായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ 2021 മാര്‍ച്ച് വരെ ഇടപാടുകളില്‍ ഉയര്‍ച്ച കാണിച്ചിരുന്ന ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകള്‍ ഏപ്രില്‍,മെയ് മാസങ്ങളില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇടിവ് രേഖപ്പെടുത്തി. കോവിഡ് വ്യാപനം ശക്തമായതോടെ പണചുരുക്കം നേരിട്ടതിനെ തുടര്‍ന്ന് അത്യാവശ്യകാര്യങ്ങള്‍ക്കായി മാത്രം ചെലവ് പരിമിതപ്പെടുത്തിയതാണ് ഡിജിറ്റല്‍ ഇടപാടുകള്‍ കുറയാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആര്‍ ബി ഐ നിയന്ത്രിക്കുന്ന ആര്‍ ടി ജി എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) കൂടാതെ ക്രെഡിറ്റ് കാര്‍ഡ് അടിസ്ഥാനപ്പെടുത്തിയുള്ള പണമിടപാടിലും ഇക്കാലയളവില്‍ കുറവുണ്ടായിട്ടുണ്ട്.
2020 ഓഗസ്റ്റ് വരെ 16 കോടി പേരാണ് ഓണ്‍ലൈന്‍ പണമിടപാട് ആപ്പുകളും സംവിധാനങ്ങളും ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ മൊബൈല്‍ പേയ്മെന്റ് ഉപയോക്താക്കള്‍ നിലവിലെ 16 കോടിയില്‍ നിന്ന് 2025-ഓടെ 80 കോടിയിലേക്ക് ഉയരുമെന്ന് റെഡ്‌സീര്‍ കണ്‍സള്‍ട്ടിംഗിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മൊബൈല്‍ പേയ്മെന്റ് വിഭാഗം 7092 ലക്ഷം കോടി രൂപയുടെ മൊത്തം ഡിജിറ്റല്‍ പേയ്മെന്റെ 2025-ഓടെ നടത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.