Sections

കേരള സര്‍ക്കാര്‍ പദ്ധതി; രാജ്യത്ത് ആദ്യമായി കര്‍ഷകര്‍ക്ക് മാസം 5000 രൂപ പെന്‍ഷന്‍

Wednesday, Dec 01, 2021
Reported By Admin
pension

രാജ്യത്ത് ആദ്യമായാണ് കര്‍ഷകര്‍ക്കു മാത്രമായി പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമ പദ്ധതി ഏര്‍പ്പെടുത്തുന്നത്

 

കേരള കര്‍ഷക ക്ഷേമ നിധി ബോര്‍ഡില്‍ കര്‍ഷകര്‍ക്ക് ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈനിലൂടെ അംഗത്വം എടുക്കാം. രാവിലെ 11ന് കൃഷി മന്ത്രി പി. പ്രസാദിന്റെ ചേംബറില്‍ വച്ച് വകുപ്പു മന്ത്രിയാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി.രാജേന്ദ്രന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുബ്രഹ്മണ്യന്‍, ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു.

ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകുന്ന കര്‍ഷകര്‍ക്ക് 60 വയസ്സിനു ശേഷം പെന്‍ഷനായി പ്രതിമാസം പരമാവധി 5,000 രൂപ വീതം സര്‍ക്കാര്‍ നല്‍കും.  രാജ്യത്ത് ആദ്യമായാണ് കര്‍ഷകര്‍ക്കു മാത്രമായി പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമ പദ്ധതി ഏര്‍പ്പെടുത്തുന്നത്. കുടുംബപെന്‍ഷന്‍, അനാരോഗ്യ-അവശത-പ്രസവ ആനുകൂല്യം, ചികിത്സ-വിവാഹധനസഹായം, വിദ്യാഭ്യാസ-ഒറ്റത്തവണ ആനുകൂല്യം എന്നിവയ്ക്കു പുറമേ മരണാനന്തര ആനുകൂല്യവും നല്‍കും. കൃഷി, അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി, പട്ടുനൂല്‍പ്പുഴു കൃഷി, തേനീച്ച വളര്‍ത്തല്‍, അലങ്കാര മത്സ്യകൃഷി, കൂണ്‍ കൃഷി, കാടക്കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അംഗമാകാം.  

18 വയസ്സു പൂര്‍ത്തിയായ ഏതൊരു കര്‍ഷകനും ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി റജിസ്റ്റര്‍ ചെയ്യാം. കേരള കര്‍ഷക ക്ഷേമനിധി നിയമം നിലവില്‍ വന്ന 2019 ഡിസംബര്‍ 20ന് 56 വയസ്സു പൂര്‍ത്തിയായ ഏതൊരു കര്‍ഷകനും 65 വയസ്സു വരെ ക്ഷേമനിധിയില്‍ അംഗമാകുന്നതിന് അര്‍ഹത ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ വെബ് പോര്‍ട്ടലിലൂടെയാണ് (kfwfb.kerala.gov.in) അംഗത്വത്തിനായി അപേക്ഷിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്കോ അംഗത്വമെടുക്കാം. പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ കര്‍ഷകരുടെ മൊബൈല്‍ നമ്പര്‍ നല്‍കണം. ഈ നമ്പറിലേക്ക് ഒടിപി അയയ്ക്കും. ഇതിനു ശേഷം ആധാര്‍ നമ്പറും അനുബന്ധ രേഖകളും നല്‍കണം.

കര്‍ഷകര്‍ നല്‍കേണ്ട രേഖകളും വിവരങ്ങളും

  1. കര്‍ഷകന്റെ പേരും വിലാസവും
  2. ഭൂമി സംബന്ധമായ വിവരങ്ങള്‍, വരുമാനം, കൃഷിയില്‍നിന്നുള്ള ആദായം, കരമൊടുക്കിയതിന്റെ രസീത്
  3. ആധാര്‍ കാര്‍ഡ്
  4. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
  5. കുടുംബാംഗങ്ങളുടെ വിവരങ്ങള്‍
  6. ബിസിനസ്, നോമിനി തുടങ്ങിയ വിവരങ്ങള്‍
  7. സാക്ഷ്യപത്രം
  8. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.