Sections

കേരളത്തില്‍ പൊതുപണിമുടക്ക് ആരംഭിച്ചു; പൂട്ടിയിട്ട് പ്രതിഷേധിക്കാന്‍ തങ്ങളില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Monday, Mar 28, 2022
Reported By admin
general strike

പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും എല്ലാ മേഖലകളും ഏറെക്കുറെ സ്തംഭിച്ച നിലയിലാണ്.

 

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിൽ, കർഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക്  തുടങ്ങി. കേരളത്തിൽ  പണിമുടക്ക് പൂർണ്ണമായി. സ്ഥാപങ്ങൾ അടഞ്ഞു കിടന്നു. സമരാനുകൂലികൾ ജോലിക്കെത്തിയവരെ വ്യാപകമായി തടഞ്ഞു. കെ.എസ്.ആർ.ടി. സി സർവീസ് നടത്തുന്നില്ല. സ്വകാര്യ  ബസുകൾ മുൻപ് തന്നെ പണിമുടക്കിലാണ്.  കടകൾ മിക്കതും അടഞ്ഞു കിടക്കുന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലുണ്ട്.ഇന്ത്യയിലെ മഹാനഗരങ്ങളിൽ പണിമുടക്ക് ബാധിച്ചിട്ടില്ല. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും  പ്രവർത്തനം  സാധാരണ നിലയലാണ്.

 ഇന്നലെ (ഞായർ) അർധരാത്രി ആരംഭിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്  നാളെ  (ചൊവ്വ) അർധരാത്രി വരെ നീളും. പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും എല്ലാ മേഖലകളും ഏറെക്കുറെ സ്തംഭിച്ച നിലയിലാണ്.

കട കമ്പോളങ്ങൾ അടച്ചിടണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.തുറക്കുന്ന കടകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തിൽ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാർക്ക് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കും. ബാങ്ക് ജീവനക്കാരുടെ എല്ലാ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നില്ലെങ്കിലും മിക്ക ബാങ്കുകളും പ്രവർത്തിക്കാൻ സാധ്യതയില്ല. എടിഎമ്മുകളിൽ ആവശ്യത്തിന് പണമുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു.

മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ തുടങ്ങിയവർ‌ പണിമുടക്കില്‍ പങ്കെടുത്തതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിച്ചേക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റുമെന്ന് ഏറെക്കുറെ ഉറപ്പായി.കല്‍ക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാല്‍, ആദായ നികുതി, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിലാളി യൂണിയനുകള്‍ പ്രസ്താവനയില്‍ അറിയിച്ചു.
.

Story highlights: The 48-hour shutdown commenced on Sunday at midnight and will end at the same time on Tuesday. Essential services hit.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.