Sections

വയനാടന്‍ ടൂറിസത്തിന് പുത്തനുണര്‍വേകാന്‍ 40 കേബിള്‍ കാറുകള്‍; അടിവാരം- ലക്കിടി യാത്ര പത്തുമിനിറ്റിനുള്ളില്‍

Monday, Nov 21, 2022
Reported By admin
tourism

പരമാവധി പത്തുമിനിറ്റിനകം അടിവാരത്തുനിന്ന് ലക്കിടിയില്‍ എത്തിച്ചേരാനാകും

 

വയനാടന്‍ ടൂറിസത്തിന് പുത്തനുണര്‍വ് പകരുമെന്ന് കരുതുന്ന അടിവാരം-ലക്കിടി റോപ് വേ പദ്ധതിയുടെ സാധ്യത തെളിയുന്നു. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയതായും റവന്യൂ-സാങ്കേതിക സര്‍വേകള്‍ പൂര്‍ത്തിയാക്കിയതുമായാണ് അധികൃതര്‍ നല്‍കുന്ന വിവരം.വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ഘട്ട്‌സ് ലിമിറ്റഡ് കമ്പനിയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. 

സര്‍ക്കാരില്‍നിന്ന് തുടര്‍നടപടികള്‍ വേഗത്തിലാക്കിയാല്‍ പദ്ധതി എത്രയുംവേഗത്തില്‍ യാഥാര്‍ഥ്യമാക്കാനാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിന് താത്പര്യം. 150 കോടി പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല 2020-ല്‍ തന്നെ വെസ്റ്റേണ്‍ഘട്ട്‌സ് ലിമിറ്റഡ് കമ്പനിക്ക് കൈമാറിയിരുന്നു. പദ്ധതിക്കുവേണ്ടി അടിവാരത്ത് പത്ത് ഏക്കര്‍ ഭൂമിയും ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും കമ്പനി വാങ്ങിക്കഴിഞ്ഞു. ലോവര്‍ ടെര്‍മിനലായ അടിവാരത്ത് കാര്‍പാര്‍ക്കിങ്ങിനൊപ്പം ടൂറിസം സാധ്യതകള്‍കൂടി കണക്കിലെടുത്താണ് കൂടുതല്‍ ഭൂമി വാങ്ങുന്നത്. ഡിപിആര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുകഴിഞ്ഞു.

പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ടുള്ള നിര്‍ണായകമായ മൂന്ന് യോഗങ്ങള്‍ കഴിഞ്ഞതും അനുകൂലമാണ്. വനംവകുപ്പിന്റെ രണ്ട് ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുക. പകരമായി നാല് ഏക്കര്‍ ഭൂമി വനംവകുപ്പിന് കൈമാറുന്നതിന്റെ സമ്മതപത്രവും അനുബന്ധരേഖകളും വനംവകുപ്പ് അധികൃതരെ ഏല്‍പ്പിച്ചു. പ്രാരംഭനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനാല്‍ സര്‍ക്കാരില്‍നിന്ന് വേഗത്തില്‍ തുടരനുമതികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍. അടിവാരത്തെ ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്.

വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍തന്നെയാണ് പ്രാരംഭനിക്ഷേപം നടത്തിയിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.അടിവാരത്തുനിന്ന് ലക്കിടിവരെ 3.7 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ്വേ വിഭാവനംചെയ്തിരിക്കുന്നത്. പരമാവധി പത്തുമിനിറ്റിനകം അടിവാരത്തുനിന്ന് ലക്കിടിയില്‍ എത്തിച്ചേരാനാകും. 40 കേബിള്‍കാറുകളാണ് റോപ്വേയില്‍ ഉണ്ടാവുക. ചുരത്തിലൂടെ തന്നെയാണ് റോപ് വേ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.