Sections

അഞ്ചു വര്‍ഷംകൊണ്ടു സംസ്ഥാനത്ത് 40 ലക്ഷം പേര്‍ക്കു തൊഴില്‍, പ്രധാന ഗുണഭോക്താക്കള്‍ സ്ത്രീകള്‍

Thursday, Mar 31, 2022
Reported By Admin
Pinarayi Vijayan

സ്ത്രീ മുന്നേറ്റത്തിനുള്ള സാമ്പത്തിക കരുത്തു പകരുന്നതാണ് ജെന്‍ഡര്‍ ബജറ്റ്
 

തിരുവനന്തപുരം: തൊഴില്‍ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിലൂടെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 24-ല്‍നിന്ന് 50 ശതമാനമാക്കി ഉയര്‍ത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു വര്‍ഷംകൊണ്ടു സംസ്ഥാനത്ത് 40 ലക്ഷം പേര്‍ക്കു തൊഴിലൊരുക്കും. ഇതില്‍ 20 ലക്ഷം നൂതന മേഖലകളിലായിരിക്കും. അഭൂതപൂര്‍വമായ ഈ തൊഴിലവസര സൃഷ്ടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വനിതകളായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും സാമ്പത്തിക സ്വയംപര്യാപ്തതയില്ലായ്മ ഒരു പരിധിവരെ കാരണമാകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രതിബന്ധത്തെ സ്ത്രീപക്ഷ നവകേരളം എന്ന ആശയം ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ തരണംചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നത്. നിയമപരവും സാമൂഹികവുമായ സുരക്ഷ ഒരുക്കലിനൊപ്പം സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കും സ്ത്രീകളെ നയിക്കണം. അങ്ങനെയായാല്‍ മാത്രമേ സ്ത്രീ-പുരുഷ സമത്വം യാഥാര്‍ഥ്യമാകൂ. ഇത് ഉറപ്പുവരുത്താനാണു സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം ഉയര്‍ത്തുന്നതിനും വരുമാനമാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.

സ്ത്രീ മുന്നേറ്റത്തിനുള്ള സാമ്പത്തിക കരുത്തു പകരുന്നതാണ് ജെന്‍ഡര്‍ ബജറ്റ്. ജെന്‍ഡര്‍ ബജറ്റിലെ അടങ്കല്‍ 4665 കോടിയായി വര്‍ധിപ്പിച്ചു. സംസ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തിന്റെ 20.9 ശതമാനമാണിത്. കുടുംബശ്രീയെ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള നടപടികള്‍ ബജറ്റിലുണ്ട്. 260 കോടി രൂപ കുടുബശ്രീയ്ക്കു വകയിരുത്തി. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ നോഡല്‍ ഏജന്‍സികളായി കുടുംബശ്രീ യൂണിറ്റുകളെ കണക്കാക്കും. വിവിധ തൊഴില്‍ദായക പദ്ധതികളിലൂടെ 2 ലക്ഷം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്കു വിപണി കണ്ടെത്തുന്നതിനു സുസ്ഥിര ഉത്പന്ന, വിപണന ശൃംഘല രൂപീകരിക്കും. അയല്‍ക്കൂട്ട അംഗങ്ങളേയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളേയും പൊതുസമൂഹത്തിലെ പ്രതിനിധികളേയും ഉള്‍പ്പെടുത്തി സ്ത്രീപക്ഷ നവകേരള പദ്ധതി വിപുലീകരിക്കും. പ്രാദേശികമായ സാമ്പത്തിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമായി കുറഞ്ഞ പലിശനിരക്കില്‍ 500 കോടി രൂപ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ ഇളവിനു 18 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വന്‍കിട പദ്ധതികള്‍ക്കൊപ്പം സമൂഹത്തിലെ ഓരോ പൗരന്റേയും ഉന്നമനവും സ്വയംപര്യാപ്തതയും ലക്ഷ്യംവച്ചു സൂക്ഷ്മതലത്തിലുള്ള പദ്ധതികള്‍കൂടി സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിക്കു ശേഷം സഹജാവബോധവും വിഭവങ്ങളുടെ സമതുലിതമായ വിതരണവും മിതമായ ഉപഭോഗവുമെല്ലാം ലോകം കൂടുതല്‍ ഗൗരവത്തോടെ കാണുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക കൂട്ടായ്മകളും സംരംഭങ്ങളും സജീവമായിരിക്കണമെന്ന കാഴ്ചപ്പാട് ശക്തമാകുകയാണ്. പുതിയ കാലഘട്ടത്തില്‍ വന്‍കിട സംരംഭങ്ങളോടൊപ്പം ചെറുകിട സംരംഭങ്ങളേയും സ്വയംസഹായ സംഘങ്ങളേയും പരിപോഷിപ്പിക്കുന്ന നയമാണു സര്‍ക്കാരിന്റേത്. അതിന്റെ ഏറ്റവും പ്രധാന ദൃഷ്ടാന്തമായി മാറുകയാണു സരസ് മേള. ഗ്രാമീണ സംരംഭകര്‍ക്ക് ഉത്പന്നങ്ങളുടെ വിപണനത്തിനു സംവിധാനമൊരുക്കുക എന്നതിനൊപ്പം രാജ്യത്തിന്റെ പരമ്പരാഗത കരകൗശല വസ്തുക്കളുടെ വിപണനത്തിനാവശ്യമായ വേദി സജ്ജീകരിക്കുക എന്നതും സരസ് മേളയുടെ ഉദ്ദേശ്യലക്ഷ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.