Sections

അഞ്ചു വര്‍ഷത്തില്‍ 2,500 സംരംഭങ്ങള്‍, 5 രൂപ പലിശ നിരക്കില്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കാന്‍ സര്‍ക്കാര്‍ 

Wednesday, Nov 17, 2021
Reported By Admin
KFC

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ പുതിയ ഘട്ടമായാണ് വായ്പ അനുവദിക്കുന്നത്

 

കോവിഡിനു ശേഷം നഷ്ടമായ വിപണികളുടെ വളര്‍ച്ചാ വേഗം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍. നിരവധി പദ്ധതികളാണ് ഇതിനായി ഇരുവരും നടപ്പാക്കിവരുന്നത്.ചെറുകിട- ഇടത്തര സംരംഭങ്ങള്‍ തുടങ്ങാന്‍ പരമാവധി പ്രോല്‍സാഹനം നല്‍കുന്നതിനുള്ള കാരണവും ഇതുതന്നെ. അടുത്തിടെയായി സംരംഭങ്ങള്‍ കൈവരിക്കുന്ന വളര്‍ച്ച കൂടുതല്‍ ആളുകളെ വിപണികളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. തൊഴിലില്ലായ്മയ്ക്കു വലിയൊരു ആശ്വാസമാണ് രാജ്യത്തെ ചെറുകിട- ഇടത്തര മേഖല.

സംസ്ഥാനത്ത് സംരംഭങ്ങള്‍ തുടങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേരള ഫിനാന്‍സ് കോര്‍പറേഷന്‍ (കെഎഫ്സി). പദ്ധതി അനുസരിച്ച് സംരംഭകര്‍ക്ക് 5 രൂപ പലിശ നിരക്കില്‍ ഒരു കോടി രൂപവരെ വായ്പ ലഭിക്കും.നിലവില്‍ ഏഴു ശതമാനം പലിശയ്ക്ക് 50 ലക്ഷം രൂപയായിരുന്നു പദ്ധതിക്കു കീഴില്‍ സംരംഭകര്‍ക്കു കെ.എഫ്.സി. നല്‍കിയിരുന്നത്. ഈ പദ്ധതിയാണ് പലിശ കുറച്ച് വായ്പാ തുക ഉയര്‍ത്തി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. സംരംഭകരെ സംബ്ന്ധിച്ച് മികച്ച അവസാരമാണിത്. പദ്ധതി ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ അനുവദിക്കുക. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ പുതിയ ഘട്ടമായാണ് വായ്പ അനുവദിക്കുന്നത്.

അഞ്ചു വര്‍ഷംകൊണ്ട് 2,500 പുതിയ സംരംഭങ്ങള്‍ക്കു തുടക്കമിടുകയെന്ന വലിയ ലക്ഷ്യം മുന്നില്‍ കണ്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വര്‍ഷം കുറഞ്ഞത് 500 സംരംഭങ്ങള്‍ക്കു ധനസഹായം ലഭിക്കുമെന്നു സാരം. ഓരോ വര്‍ഷവും കെ.എഫ്.സി. 300 കോടി രൂപ പദ്ധതിക്കായി നീക്കി വയ്ക്കും. പദ്ധതിക്കായി മൂന്നു ശതമാനം സബ്സിഡി കേരള സര്‍ക്കാരും രണ്ടു ശതമാനം സബ്സിഡി കെ.എഫ്.സിയും നല്‍കും.

പദ്ധതിയുടെ മാനദണ്ഡങ്ങള്‍

  1. വായ്പയ്ക്ക് അപേക്ഷിക്കുന്ന സ്ഥാപനത്തിന് എംഎസ്എംഇ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.
  2. സംരംഭകന്റെ പ്രായം 50 വയസില്‍ കൂടാന്‍ പാടില്ല. പ്രവാസി മലയാളികള്‍, എസ്ഇ എസ്ടി, വനിത സംരംഭകര്‍ക്ക് അഞ്ച് വര്‍ഷം വരെ പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
  3. പുതിയ സംരംഭങ്ങള്‍ക്കും, നിലവിലുള്ളവയുടെ ആധുനിക വത്കരണത്തിനും വായ്പ ലഭിക്കും.
  4. പ്രോജക്ട് ചെലവിന്റെ 90 ശതമാനംവരെ ആണ് വായ്പ നല്‍കുന്നത്.
  5. വലിയ പദ്ധതികള്‍ക്ക് ഒരു കോടിയിലധികം രൂപ വായ്പയായി നല്‍കും. ഇത്തരം സാഹചര്യങ്ങളില്‍ ഒരുകോടി രൂപവരെ 5 ശതമാനം പലിശ നിരക്കിലും ബാക്കി തുക സാധാരണ പലിശ നിരക്കിലും ആയിരിക്കും ലഭിക്കുക.
  6. 10 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പലിശ നിരക്കിലുള്ള സബ്സിഡികള്‍ ആദ്യ അഞ്ചുവര്‍ഷം മാത്രമായിരിക്കും.
  7. തെരഞ്ഞെടുക്കുന്ന സംരംഭകര്‍ക്ക് പ്രത്യേക പരിശീലനവും സേവനങ്ങളും കെഎഫ്സി നല്‍കും.
  8. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5.6 ശതമാനം പലിശ നിരക്കില്‍ ഒരുകോടി രൂപവരെ വായ്പ നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.