Sections

തൊഴിലിടങ്ങളിൽ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി വി ശിവൻകുട്ടി

Tuesday, Mar 05, 2024
Reported By Admin
Industrial Safety Awards

2023 വർഷത്തെ വ്യാവസായിക സുരക്ഷിതത്വ അവാർഡ് വിതരണം ചെയ്തു


തൊഴിലിടങ്ങളിൽ സുരക്ഷിതത്വ സംസ്കാരം സൃഷ്ടിക്കാൻ സർക്കാർ, തൊഴിലുടമകൾ, തൊഴിലാളികൾ, വിവിധ സംഘടനകൾ എന്നിവരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2023 വർഷത്തെ വ്യാവസായിക സുരക്ഷിതത്വ അവാർഡ്, ഫാക്ടറി ഗ്രേഡിങ് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമചട്ടങ്ങൾ എന്നിവ പാലിക്കുന്നത് ഉറപ്പാക്കുന്നതിൽ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ പങ്ക് നിർണായകമാണ്. തൊഴിലിടങ്ങളിൽ പരിശോധനകൾ നടത്തി അപകടസാധ്യതകൾ തിരിച്ചറിയുകയും അവ തിരുത്തുന്നതിന് വ്യവസായങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. ഫാക്ടറി ഉടമകൾക്കും മാനേജർമാർക്കും തൊഴിലാളികൾക്കും തൊഴിലാളി സംഘടനാഭാരവാഹികൾക്കും പരിശീലനവും ബോധവത്കരണ പരിപാടികളും നടത്തുന്നു.

ഫാക്ടറികൾക്കായുള്ള 21 അവാർഡുകളും വ്യക്തികൾക്കായുള്ള 12 അവാർഡുകളും ഉൾപ്പെടുത്തിയാണ് വ്യവസായിക സുരക്ഷിതത്വ അവാർഡ് നൽകുന്നത്. ഇതിലൂടെ സർക്കാർ അതിന്റെ നേട്ടങ്ങൾ തിരിച്ചറിയുക മാത്രമല്ല, മറ്റുള്ളവർക്ക് പിന്തുടരാനുള്ള മാനദണ്ഡങ്ങളായി അവ പരിണമിക്കുകയും ചെയ്യുന്നു.

വൻകിട, ചെറുകിട ഫാക്ടറികൾ ഉൾപ്പെടെ, വ്യക്തിഗതമായും അവരവരുടെ ജോലി സ്ഥലങ്ങളിൽ അപകടരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയുളള ശ്രമങ്ങളെ സർക്കാർ അഭിമാനപൂർവ്വമാണ് കാണുന്നത്. എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ് 2023 ലെ സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾ.

സുരക്ഷാചാമ്പ്യന്മാരെ അംഗീകരിക്കുന്നതിലൂടെ, തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം എന്നിവ പരമ പ്രധാനമാണെന്ന വ്യക്തമായ സന്ദേശം സർക്കാർ നൽകുകയാണ്. ഇത് ഒറ്റത്തവണ മാത്രം നടക്കുന്ന സംഭവമല്ല, ഇതൊരു കൂട്ടായ ശ്രമത്തിനു തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തൊഴിലിടങ്ങളിൽ നിന്നും ദിവസാവസാനം ഓരോ തൊഴിലാളിയും സുരക്ഷിതമായും സുഖമായും വീട്ടിലേക്ക് മടങ്ങുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്. സുരക്ഷിതത്വത്തെ അവഗണിക്കുന്നതിന്റെ വില വളരെ കൂടുതലാണ്. അപകടങ്ങളും പരിക്കുകളും തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ശാരീരികവും വൈകാരികവുമായ വലിയ കഷ്ടപ്പാടുകൾ മാത്രമല്ല, കാര്യമായ സാമ്പത്തിക ആഘാതവും ഉണ്ടാക്കുന്നുണ്ട്. നഷ്ടമായ ഉല്പാദനക്ഷമത, വർദ്ധിച്ചു വരുന്ന ആരോഗ്യസംരക്ഷണച്ചെലവ്, വ്യവസായത്തിന്റെ പ്രശസ്തിക്ക് ഏൽക്കുന്ന കോട്ടം എന്നിവ ചില പരിണിതഫലങ്ങൾ മാത്രമാണ്. അതിനാൽ നമ്മുടെ വ്യവസായങ്ങൾക്കുള്ളിൽ നിരവധി നടപടികളിലൂടെ സുരക്ഷിതത്വ സംസ്കാരം വളർത്തി എടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.

2023ലെ വ്യവസായിക സുരക്ഷിതത്വ അവാർഡ് കരസ്ഥമാക്കിയവർ മറ്റുള്ളവർക്ക് തുടർന്നും പിന്തുടരാൻ മാതൃകയാണ്. ഇനിയും നിങ്ങളുടെ തൊഴിൽ സ്ഥാപനങ്ങളിൽ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് തുടരണം. ആരോഗ്യ സുരക്ഷിതത്വ പരിശീലനങ്ങൾ നടപ്പിലാക്കുകയും സുരക്ഷയെ ഒരു ചിന്താവിഷയമായി കാണാതെ മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കണം.

എല്ലാ ദിവസവും ഓരോ തൊഴിലാളിയും സുരക്ഷിതമായി ജോലി സ്ഥലത്തു നിന്നും മടങ്ങുന്ന അപകടരഹിതമായ കേരളം നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കണം. സുരക്ഷ ഒരു നിയമപരമായ ആവശ്യകത എന്നതിലുപരിയായി ഒരു പങ്കിട്ട ഉത്തരവാദിത്തവും ജീവിതരീതിയുമാക്കി മാറ്റിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

വളരെ വലിയ ഫാക്ടറികൾ (500 തൊഴിലാളികൾക്ക് മുകളിൽ പണിയെടുക്കുന്നവ), വലിയ ഫാക്ടറികൾ (251 മുതൽ 500 വരെ തൊഴിലാളികൾ പണിയെടുക്കുന്നവ), ഇടത്തരം ഫാക്ടറികൾ (101 മുതൽ 250 വരെ തൊഴിലാളികൾ പണിയെടുക്കുന്നവ), ചെറിയ ഫാക്ടറികൾ (20 മുതൽ 100 വരെ തൊഴിലാളികൾ പണിയെടുക്കുന്നവ), വളരെ ചെറിയ ഫാക്ടറികൾ (20 ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്നവ), മികച്ച സേഫ്റ്റി ഓഫീസർ, മികച്ച വെൽഫെയർ ഓഫീസർ, മികച്ച മെഡിക്കൽ ഓഫീസർ, മികച്ച സേഫ്റ്റി കമ്മിറ്റി, മികച്ച സേഫ്റ്റി വർക്കർ ആൻഡ് മികച്ച സേഫ്റ്റി ഗസ്റ്റ് വർക്കർ എന്നിങ്ങനെ 10 കാറ്റഗറികളിൽ ആയിട്ടാണ് അവാർഡുകൾ വിതരണം ചെയ്തത്.

ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ഇൻസ്പെക്ടർ ബി ആർ ഷിബു സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് ചെയർമാൻ കെ എൻ ഗോപിനാഥ്, കേരള സംസ്ഥാന മലിനീകരണം നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ് ശ്രീകല, കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് എ നിസാറുദ്ദീൻ, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ജോയിന്റ് ഡയറക്ടർ നിതീഷ് ദേവരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.