Sections

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം: കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചത് 1802 സംരംഭങ്ങള്‍

Thursday, Jun 30, 2022
Reported By Ambu Senan


4113 പേര്‍ക്ക് തൊഴിലവസരം നല്‍കാനായി

 

'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' പദ്ധതിയിലൂടെ കണ്ണൂരില്‍ ഇതുവരെ ആരംഭിച്ചത് 1802 സംരംഭങ്ങള്‍. 175 കോടിയുടെ നിക്ഷേപമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. 4113 പേര്‍ക്ക് തൊഴിലവസരം നല്‍കാനായി. ജില്ലയില്‍ ഒരു വര്‍ഷം 11500 സംരംഭങ്ങള്‍ ആരംഭിക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാന  വ്യവസായ വാണിജ്യ വകുപ്പാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.

സംരംഭക മേഖലയില്‍ നൂതന ആശയങ്ങളും, പുത്തന്‍ സാധ്യതകളും, തൊഴിലവസരങ്ങളും സൃഷ്ടിച്ച് സമഗ്ര വികസനം സാധ്യമാക്കുക എന്ന ആശയമാണ് 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' എന്ന പദ്ധതിയുടെ കാഴ്ചപ്പാട്. ഇതിന്റെ ഏകോപനത്തിനായി തദ്ദേശ സ്ഥാപനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍, വികസനകാര്യ അധ്യക്ഷന്‍, വ്യവസായ വികസന ഓഫീസര്‍, ലീഡ് ബാങ്ക് മാനേജര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരെ  ഉള്‍പ്പെടുത്തി  നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കും.

സംരംഭ വര്‍ഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുവരെ നടന്ന 96 ജനറല്‍ ഓറിയന്റേഷന്‍ പരിപാടിയിലായി 7502 പേര്‍ പങ്കെടുത്തു. ജൂലൈ മാസത്തില്‍ വിവിധ വകുപ്പുകളെയും, ധനകാര്യ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു ലൈസന്‍സ് മേള, ലോണ്‍ മേള, സംരംഭങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയ പരിപാടികളാണ് പുതിയ സംരംഭകര്‍ക്കായി ആസൂത്രണം ചെയ്തിട്ടുള്ളത്.

പുതു സംരംഭകരെ നേരില്‍ കണ്ടെത്തി സംരംഭം തുടങ്ങാനാവശ്യമായ സഹായങ്ങള്‍  ലഭ്യമാക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വ്യവസായ വകുപ്പിന്റെ പദ്ധതികളും, സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനും വ്യവസായ വികസന ഓഫീസര്‍മാരോടൊപ്പം ജില്ലയില്‍ 94 ഇന്റേണ്‍സും കര്‍മനിരതരായി രംഗത്തുണ്ട്. കൃഷി, മത്സ്യ അധിഷ്ഠിത ചെറുകിട മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഭക്ഷ്യ മേഖല, ടെക്സ്റ്റയില്‍ ആന്റ്  ഗാര്‍മെന്റ്‌സ്, ഇ-സേവനം തുടങ്ങി എല്ലാ  ഉല്‍പാദന സേവന മേഖലയിലുമുള്ള വ്യവസായങ്ങളും പദ്ധതിയുടെ ഭാഗമായി പുതുജീവന്‍ കൈവരിക്കുകയാണ്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.