Sections

മൂന്നു വർഷത്തിനുള്ളിൽ 1000 എം.എസ്.എം.ഇകളെ 100 കോടി വീതം ടേണോവറുള്ള സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി

Wednesday, Jun 28, 2023
Reported By Admin
MSME

മൂന്നു വർഷത്തിനുള്ളിൽ 1000 എം.എസ്.എം.ഇകളെ 100 കോടി വീതം ടേണോവറുള്ള സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി

  • എം.എസ്.എം.ഇകളുടെ വളർച്ചക്ക് നിരവധി ആനുകൂല്യങ്ങൾ
  • മികച്ച പ്രകടനം നടത്തുന്ന ഗ്രാമപഞ്ചായത്തിനും എം.എസ്.എം.ഇ യൂണിറ്റിനും അവാർഡ്
  • ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി നയം അടുത്ത മാസം

മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 1000 ചെറുകിട, സൂക്ഷ്മ, ഇടത്തരം (എം.എസ്.എം.ഇ) വ്യവസായ സംരംഭങ്ങളെ 100 കോടി വീതം ടേണോവർ ഉള്ള സ്ഥാപനങ്ങൾ ആക്കി മാറ്റുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്.

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒറ്റ വർഷം 1,39,840 പുതിയ എം.എസ്.എം.ഇ സംരംഭങ്ങൾ സംസ്ഥാനത്ത് തുടങ്ങിയത് ഏതു മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മന്ത്രി എടുത്തു പറഞ്ഞു. സംരംഭകത്വ വർഷം ആചരിക്കുമ്പോൾ സർക്കാർ കണ്ടിരുന്നത് സംരംഭക സമൂഹത്തിൽ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതായിരുന്നു. അത് വേണ്ടുവോളം സാധിച്ചു. ഈ സാമ്പത്തിക വർഷം ഇതേവരെ 4,184 പുതിയ സംരംഭങ്ങൾ തുടങ്ങിക്കഴിഞ്ഞു. പൊതുവിൽ എം.എസ്.എം.ഇകൾക്ക് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിൽ ഉള്ളത്.

എന്നാൽ തുടക്കം എളുപ്പമാണെന്നും തുടർച്ചയാണ് ദുഷ്കരമെന്നും മന്ത്രി ഓർമിപ്പിച്ചു. പ്രവർത്തനം ആരംഭിച്ച എം.എസ്.എം.ഇകളുടെ വളർച്ചക്കായി പുതിയ ആനുകൂല്യങ്ങളും മന്ത്രി പ്രഖ്യാപിച്ചു.

എം.എസ്.എം.ഇകളുടെ പ്രവർത്തന വിപുലീകരണത്തിന് പദ്ധതി തയാറാക്കാൻ ഒരു ലക്ഷം രൂപ സർക്കാർ അനുവദിക്കും. മൂലധന നിക്ഷേപത്തിനായി രണ്ടുകോടി രൂപ വരെ നൽകും. ഇതിനു പുറമേ വർക്കിംഗ് ക്യാപിറ്റൽ ആയി ലോൺ പലിശയുടെ 50 ശതമാനം (പരമാവധി 50 ലക്ഷം) സർക്കാർ വഹിക്കുമെന്നും മന്ത്രി രാജീവ് പ്രഖ്യാപിച്ചു. ഈ രീതിയിൽ ആനുകൂല്യങ്ങൾ നൽകി അടുത്ത മൂന്നു വർഷത്തിനുള്ളിൽ 1000 സംരംഭങ്ങളെ 100 കോടി വീതം ടേണോവർ ഉള്ള സ്ഥാപനങ്ങൾ ആക്കി വളർത്തുകയാണ് ലക്ഷ്യം. അങ്ങിനെ ആകെ ടേണോവർ ഒരു ലക്ഷം കോടിയായി ഉയർത്തുകയാണ് ഉദ്ദേശ്യം.

എം.എസ്.എം.ഇകൾക്കായി മൂന്ന് പുതിയ പദ്ധതികളും വ്യവസായ മന്ത്രി പ്രഖ്യാപിച്ചു. ഇൻഷുറൻസ് ആണ് ആദ്യത്തേത്. ഇതിൽ എം.എസ്.എം.ഇ കമ്പനി അടയ്ക്കേണ്ട പ്രീമിയം സർക്കാർ വഹിക്കും. പരമാവധി ഒരു കോടി രൂപ വരെ മൂലധനമുള്ള ചെറുകിട കമ്പനികളാണ് ഇൻഷുറൻസ് പദ്ധതി പരിധിയിൽ വരിക.

'വൺ ലോക്കൽ ബോഡി വൺ പ്രോഡക്റ്റ്' എന്ന പദ്ധതിയിൽ 600 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ അവരുടെ ഉൽപ്പന്നങ്ങൾ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ഇവർക്ക് വിശദ പദ്ധതി രേഖ തയ്യാറാക്കാൻ 50,000 രൂപ വീതം സർക്കാർ നൽകും.

ഓരോ വർഷവും മികച്ച പ്രകടനം നടത്തുന്ന ഗ്രാമപഞ്ചായത്തിനും എം.എസ്.എം.ഇ യൂണിറ്റിനും അവാർഡ് നൽകും.

തുടങ്ങിയ സംരംഭങ്ങൾ നല്ല രീതിയിൽ പോകുന്നു എന്ന് ഉറപ്പു വരുത്താനായി ഇന്റേണികളെ ഉപയോഗിച്ച് എല്ലാ ജില്ലകളിലും സർവ്വേ നടത്തും. ഇപ്പോൾ എല്ലായിടത്തും എം.എസ്.എം.ഇ ക്ലിനിക് തുടങ്ങിയിട്ടുണ്ടെന്നും പ്രശ്നങ്ങൾ അവതരിപ്പിച്ചു അവലോകനം നടത്തി മുന്നോട്ടു പോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിക്ക് മുഖ്യമന്ത്രി തത്വത്തിൽ അംഗീകാരം നൽകിയതായി വ്യവസായ മന്ത്രി അറിയിച്ചു.

ഇത് യാഥാർഥ്യമായാൽ വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന മേഖലയിൽ പഠനത്തിനൊപ്പം ജോലിയും സാധ്യമാകും. പദ്ധതിയുടെ നയപ്രഖ്യാപനവും അടുത്ത മാസം ഉണ്ടാവും.

പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വർഷത്തിൽ സംസ്ഥാനത്തെ വ്യവസായ രംഗത്ത് തിളക്കമാർന്ന പ്രവർത്തനങ്ങൾ ആണ് നടന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ് ഹരികിഷോർ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, എസ്.എൽ.ബി.സി കേരള കൺവീനർ എസ് പ്രേംകുമാർ, റിയാബ് ചെയർമാൻ ആർ അശോക്, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ എം.എസ്.എം.ഇ എക്കോസിസ്റ്റം, എം.എസ്.എം.ഇകളുടെ നാളെ എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകളും നടന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.