- Trending Now:
സംരംഭം തുടങ്ങാന്‍ പല രീതിയിലും പണം സംഘടിപ്പിക്കാം. സ്വന്തം സമ്പാദ്യം, പങ്കാളികളുടെ ഷെയര്‍, പൊതുജനങ്ങളില്‍നിന്നുള്ള ഷെയര്‍, സ്‌നേഹിതരുടെയും കുടുംബാംഗങ്ങളുടെയും സമ്പാദ്യം... ഇവയ്ക്കു പുറമെ ബാങ്ക് വായ്പയാണ് പ്രധാനമായും സംരംഭകര്‍ ആശ്രയിച്ചു വരുന്നത്. ബാങ്ക് വായ്പകള്‍ ബാധ്യത ആകാതിരിക്കാന്‍ ഏതാനും കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നത് നല്ലതാണ്. സംരംഭം തുടങ്ങി ആദ്യ വര്‍ഷങ്ങളിലാണ് പല സംരംഭങ്ങളും പൂട്ടിപ്പോകേണ്ടി വരുന്നത് എന്ന യാഥാര്‍ത്ഥ്യം മുന്നിലുണ്ട്. അത് ഒഴിവാക്കാന്‍ ലഘു സംരംഭകര്‍ വായ്പ എടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
1. വായ്പ അത്യാവശ്യത്തിനു മാത്രം എടുക്കുക
ആവശ്യത്തിന് എടുക്കുക എന്നുള്ളതല്ല, അത്യാവശ്യത്തിന് മാത്രം എടുക്കുക എന്നുള്ളതാണ്. വായ്പയ്ക്ക് കൊടുക്കേണ്ടി വരുന്ന പലിശ, എടുക്കുന്നതിനു വേണ്ടിവരുന്ന മറ്റ് ചെലവുകള്‍, കൊളാറ്ററല്‍ (ഈട്) എന്നിവ പരിഗണിക്കുമ്പോള്‍ സ്വന്തം സമ്പാദ്യം/കുടുംബ സമ്പാദ്യം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് ഉത്തമം.
2. ഇ.എം.ഐ. നല്ലതാണ്
മിക്കവാറും സംരംഭ വായ്പകള്‍ ഇപ്പോള്‍ ഇ.എം.ഐ. (പ്രതിമാസ തുല്യ തവണ) സമ്പ്രദായത്തിലാണ് നല്‍കിവരുന്നത്. ഇത് സംരംഭകര്‍ക്ക് ഏറെ ഗുണകരമാണ്. ആദ്യ വര്‍ഷങ്ങളില്‍ സ്ഥാപനത്തിന്റെ വിറ്റുവരവ് തീരെ കുറവായിരിക്കും എന്നതിനാല്‍ ഡിമിനിഷിങ് ഇന്ററസ്റ്റ് എന്ന രീതിയില്‍ വായ്പ എടുത്താല്‍ തിരിച്ചടവ് പ്രശ്‌നമാകും. തുടക്കം മുതലേ എന്‍.പി.എ.യിലേക്ക് (കിട്ടാക്കടം) അക്കൗണ്ട് മാറാനും സാധ്യതയുണ്ട്. മാത്രമല്ല, പ്രതിമാസം അടയ്‌ക്കേണ്ടിവരുന്ന തുക എത്രയെന്ന് മുന്‍കൂട്ടി കൃത്യമായി അറിയാന്‍ കഴിയുക വഴി നന്നായി പ്ലാന്‍ ചെയ്യാന്‍ കഴിയും.
3. കൊളാറ്ററല്‍ ഫ്രീ ആക്കുന്നത് നല്ലതാണോ?
10 ലക്ഷം രൂപ വരെയുള്ള സംരംഭ വായ്പകള്‍ കൊളാറ്ററല്‍ വാങ്ങാതെ മാത്രമേ നല്‍കാവൂ എന്നാണ് ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ രണ്ടു കോടി രൂപ വരെ ഇങ്ങനെ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ട്. ഇങ്ങനെ വായ്പ എടുക്കുമ്പോള്‍ സംരംഭകര്‍ ഫീസ് നല്‍കേണ്ടിവരുന്നു. വായ്പയുടെ ഒരു ശതമാനം തുക ഫീസ് നല്‍കണം. കൂടാതെ വര്‍ഷാവര്‍ഷം പുതുക്കല്‍ ഫീസും നല്‍കണം. 10 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 0.75 ശതമാനവും അതിനു മുകളില്‍ 0.85 ശതമാനവുമാണ് ഈ രീതിയില്‍ പുതുക്കല്‍ ഫീസ് നല്‍കേണ്ടത്. ഓരോ വര്‍ഷവും ബാക്കി നില്‍ക്കുന്ന തുകയ്ക്ക് നല്‍കുകയും വേണം. ഇത് അധിക ബാധ്യതയാണ്. ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റ് ഫണ്ടിന്റെ സേവനം ഉപയോഗിക്കുന്നതിനാണ് ഇങ്ങനെ നല്‍കേണ്ടിവരുന്നത്. ആയത് തന്റെ സംരംഭത്തിന് ഗുണകരമാണോ എന്ന് ചിന്തിച്ചു മാത്രമേ ഗാരന്റി നല്‍കാതെ വായ്പ എടുക്കാവൂ.
4. സബ്സിഡി വായ്പകള്‍ക്ക് മുന്‍ഗണന നല്‍കണം
വായ്പയ്ക്കു വേണ്ടിയുള്ള പരക്കംപാച്ചിലില്‍ സര്‍ക്കാര്‍ സബ്സിഡിക്ക് വേണ്ടത്ര പരിഗണന പലപ്പോഴും നല്‍കാറില്ല. അജ്ഞതയും ഒരു കാരണമാകാറുണ്ട്. തുടക്കത്തിലേ ലഭിക്കുന്ന സബ്സിഡിയും പിന്നീട് ലഭിക്കാവുന്ന സബ്സിഡികളുമുണ്ട്. തുടക്കത്തില്‍ ആറു മാസത്തെ വായ്പ തിരിച്ചടവ് സബ്സിഡി മൂലം നടക്കുമെങ്കില്‍ അത് സംരംഭകര്‍ക്ക് ആശ്വാസമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.
5. പലിശ തട്ടിച്ച് നോക്കണം
ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ എങ്ങനെ വായ്പ സംഘടിപ്പിക്കാം എന്ന ചിന്തയോടെ വേണം ബാങ്കുകളെ സമീപിക്കാന്‍. പലിശ നിരക്കുകള്‍ പല സ്ഥാപനങ്ങളിലും വ്യത്യാസമുണ്ട്. 10 ലക്ഷം രൂപ വരെ വായ്പയ്ക്ക് ദേശസാത്കൃത ബാങ്കുകള്‍ ഈടാക്കിവരുന്നത് ഏകദേശം 9.5 ശതമാനം പലിശയാണ്. ഷെഡ്യൂള്‍ഡ് ബാങ്കുകളുടേത് 11 ശതമാനം വരെ വരുന്നുണ്ട്. കുറഞ്ഞ പലിശയ്ക്ക് കെ.എഫ്.സി., വിവിധ ക്ഷേമ കോര്‍പറേഷനുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കിവരുന്നുണ്ട്. കൃത്യമായി താരതമ്യ പഠനം വായ്പ എടുക്കും മുന്‍പ് നടത്തണം.
6. ആറു മാസത്തിനുള്ളില്‍ തുടങ്ങണം
വായ്പ എടുക്കുന്ന സമയവും സംരംഭം ആരംഭിക്കുന്ന സമയവും ഒരു കാരണവശാലും ആറു മാസത്തില്‍ അധികരിക്കാതെ ശ്രദ്ധിക്കണം. 50 ലക്ഷം രൂപ വരെയുള്ള പദ്ധതികളുടെ കാര്യത്തില്‍ ഇക്കാര്യം കൃത്യമായും പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. കൃത്യമായ നിര്‍വഹണ കലണ്ടര്‍ മുന്‍കൂട്ടി തയ്യാറാക്കി വേണം വായ്പ കൈപ്പറ്റാന്‍. പുതുസംരംഭകര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
7. കെട്ടിട നിര്‍മാണത്തിന് വായ്പ പരമാവധി ഒഴിവാക്കണം
കെട്ടിട നിര്‍മാണത്തിന് വായ്പ കൈപ്പറ്റി നിര്‍മാണം കുറേ നീണ്ടുപോയാല്‍ തുടക്കത്തിലേ പണി പാളും. സ്വന്തം നിലയില്‍ കെട്ടിടം നിര്‍മിക്കുകയും തദ്ദേശ സ്ഥാപനത്തിന്റെ നമ്പര്‍ സമ്പാദിക്കുകയും ചെയ്തതിനുശേഷം മെഷിനറി/പ്രവര്‍ത്തന മൂലധനം എന്നിവയ്ക്ക് പരമാവധി വായ്പ സ്വീകരിക്കുന്നതാണ് ഉത്തമം.
8. ആവശ്യത്തിനു തന്നെ ഉപയോഗിക്കണം
കൃത്യമായ ആവശ്യം പറഞ്ഞ് വേണം വായ്പയ്ക്ക് അപേക്ഷിക്കാന്‍. കെട്ടിടം, മെഷിനറി, ഉപകരണങ്ങള്‍, പ്രവര്‍ത്തന മൂലധനം അങ്ങനെയുള്ള ഏതാവശ്യത്തിനും വായ്പ ലഭിക്കും.
ഏത് ആവശ്യത്തിനാണോ വായ്പ അനുവദിച്ചത് പ്രസ്തുത ആവശ്യത്തിനു തന്നെ അത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തിപരമായ ബാധ്യതകള്‍ തീര്‍ക്കാന്‍ സംരംഭക വായ്പകള്‍ ഉപയോഗിക്കരുത്.
9. അക്കൗണ്ടുള്ള ബാങ്കിനെ ആദ്യം സമീപിക്കണം
വായ്പ ആവശ്യങ്ങള്‍ക്ക് ആരെയാണ് കാണേണ്ടത്? സംരംഭകര്‍ക്ക് അക്കൗണ്ടുള്ള ബാങ്കിനെയാണ് ഇതിനായി ആദ്യം സമീപിക്കേണ്ടത്. സര്‍വീസ് ഏരിയാ ബാങ്കുകള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലതന്നെ. ഒന്നില്‍ കൂടുതല്‍ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ പ്രമാണങ്ങളും മറ്റും ഏത് ബാങ്കിലാണോ ഉള്ളത് പ്രസ്തുത ബാങ്കിനെയാണ് വായ്പയ്ക്കായി സമീപിക്കേണ്ടത്. ഏതെങ്കിലും ഒരു ബാങ്കുമായി നിരന്തരമായ ബന്ധം ഉണ്ടാക്കിയെടുക്കുന്നത് കൂടുതല്‍ ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും.
10. കൃത്യമായി തിരിച്ചടയ്ക്കണം
വായ്പ എടുക്കുന്നത് ഇഷ്ടമാണ്; തിരിച്ചടയ്ക്കുന്നത് തീരെ ഇഷ്ടമല്ല. ഈ സമീപനം മാറ്റേണ്ടതുണ്ട്. എടുത്ത വായ്പ കൃത്യമായി തിരിച്ചടയ്ക്കാന്‍ ശ്രദ്ധിക്കണം. മൂന്നു മാസം തിരിച്ചടവ് മുടങ്ങിയാല്‍ പോലും കണക്ക് എന്‍.പി.എ. (കിട്ടാക്കടം) ആയി മാറുന്നു. അത് സിബില്‍ സ്‌കോര്‍ താഴാന്‍ കാരണമാകും.
അങ്ങനെയുള്ള അവസ്ഥയില്‍ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പിന്നീട് വായ്പ ലഭിക്കുകയില്ല. തിരിച്ചടവിനുള്ള തുക കുറവാണെങ്കിലും അതത് മാസം ബാങ്കുമായി ബന്ധപ്പെട്ട് ഉള്ള തുക അടയ്ക്കാന്‍ ശ്രമിച്ചാല്‍ സംരംഭകരുടെ സ്‌കോര്‍ ഉയരും.
കരുതലോടെ ബാങ്ക് വായ്പ എടുത്ത്, പ്രസ്തുത ആവശ്യത്തിനു തന്നെ സമയബന്ധിതമായി ഉപയോഗിച്ച് ധനകാര്യ സ്ഥാപനവുമായി നല്ല ബന്ധം ഉണ്ടാക്കിയെടുത്ത് കൃത്യമായി തിരിച്ചടച്ച് മുന്നോട്ടു പോകാനാണ് സംരംഭകര്‍ ശ്രദ്ധിക്കേണ്ടത്.
ടി എസ് ചന്ദ്രന്‍: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകന്‍. മാതൃഭൂമിക്ക് മുന്‍പ് നല്‍കിയ ലേഖനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.